കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായി ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി സജ്ജീകരിക്കുന്ന ദമാൻ ആശുപത്രികളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. ദമാൻ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നിർമിക്കുന്ന ആശുപത്രികൾക്കായുള്ള കെട്ടിടങ്ങൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. ഇവിടത്തെ ചികിത്സാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദിയിലെ ആശുപത്രിയിലേയും ഫഹാഹീൽ ഹെൽത്ത് സെന്ററിലേയും സംവിധാനങ്ങൾ കഴിഞ്ഞ ദിവസം ദമാൻ അധികൃതർ പരിശോധിച്ചു. ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയതായി മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അൻവർ അൽ റഷീദ് പറഞ്ഞു. പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദമാൻ ഡയറക്ടർ ബോർഡ് അംഗം ഖാലിദ് അൽ അബ്ദുൾഗാനി പറഞ്ഞു. രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനക്ഷമമാകുന്നതോടെ സർക്കാർ ആശുപത്രികളിലെ സമ്മർദ്ദവും തിരക്കും വലിയ തോതിൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫഹാഹീലും ജഹ്റയിലുമായി രണ്ട് ആശുപത്രികളുമാണ് ഒരുങ്ങുന്നത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ ഇവിടെ നിന്ന് ലഭിക്കും. കെട്ടിടം, ചുറ്റുപാടുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്രൊഫഷണൽ, അഡ്മിനിസ്‌ട്രേറ്റീവ് ടെക്‌നിക്കൽ സ്റ്റാഫ് എന്നിവയുടെ കാര്യത്തിൽ ഇത് അന്താരാഷ്ട്ര ആശുപത്രികളുമായി മത്സരിക്കും. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ആശുപത്രികളും ക്ലിനിക്കുകളും ആണ് തയ്യാറാകുന്നതെന്നും ഇക്കാര്യത്തിൽ സ്വദേശികൾക്ക് പ്രവാസികളോട് അസൂയ തോന്നുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR