കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഏർപ്പെടുത്തിയ പിഴയിൽ ഇളവുവരുത്താൻ പ്രവാസി വെൽഫെയർ ബോർഡ് തീരുമാനം. പല കാരണങ്ങളാൽ അംശാദായമടക്കാൻ പറ്റാത്ത പലർക്കും അടക്കാനുള്ള തുകയുടെ 60 ശതമാനത്തിലേറെ വരെ പിഴ വന്ന സാഹചര്യമുണ്ടായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കാൻ ഇനി കുടിശ്ശികയായി നിലനിൽക്കുന്ന അംശാദായ തുകയുടെ 14 ശതമാനം പലിശയും ഈ പലിശ തുകയുടെ ഒരു ശതമാനം പിഴയും അടച്ചാൽ മതിയെന്ന് പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഉത്തരവിൽ പറയുന്നു. അംശാദായ കുടിശ്ശിക വരുത്തുന്ന എല്ലാ അംഗങ്ങൾക്കും ഇനി പുതുക്കിയ ഉത്തരവ് പ്രകാരമുള്ള നിരക്കായിരിക്കും ബാധകം. നിലവിലെ കുടിശ്ശിക തുകക്ക് ആനുപാതികമായി പലിശ വർധന ഉണ്ടായിരുന്ന രീതി ഇതോടെ ഒഴിവായി. പുതുക്കിയ നിരക്കിൽ പിഴ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, കുടിശ്ശിക വരുത്തിയ 60 വയസ്സ് കഴിഞ്ഞവരുടെ പിഴ ഒഴിവാക്കില്ല. വലിയ പിഴ വന്നത് പലകാരണങ്ങളാൽ അടവ് മുടങ്ങിയവർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. നേരത്തെ കോവിഡ് കാലത്ത് അംശാദായം മുടങ്ങിയവർക്ക് പിഴത്തുകയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ, പരിമിതമായ കാലത്തേക്ക് മാത്രമാണ് ഇത് പ്രയോജനപ്പെട്ടത്. ഇതിനുശേഷം പിഴ മുടങ്ങിയവർക്കാണ് വൻ തുക പിഴ വന്നത്. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തിൽ നിന്ന് 5.06 ലക്ഷമായി ഉയർന്നതായും ബോർഡ് വ്യക്തമാക്കുന്നു. വിദേശത്തുള്ളവർക്ക് 3500, നാട്ടിലുള്ളവർക്ക് 3000 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പെൻഷനായി ലഭിക്കുന്നത്.