ദോഹ: ഹോസ്പിറ്റാലിറ്റി മേഖലയിലെ ഖത്തറിലെ ഏറ്റവും വലിയ പ്രദർശന മേളയായ ഹോസ്പിറ്റാലിറ്റി ഖത്തറിന് ഇന്ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമാകും.
ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജിയുടെ രക്ഷാകർതൃത്വത്തിൽ ആണ് രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ മികവും കുതിപ്പും അടയാളപ്പെടുത്തുന്ന പ്രദർശനം സംഘടിപ്പിക്കുന്നത്. 14 വരെയാണ് പ്രദർശനം നടക്കുക. ഹോട്ടൽ, റസ്റ്റാറന്റ്, എയർലൈൻസ്, ട്രാവൽ, ടെക്നോളജി, സർവിസ്, വിനോദ, ഇന്റീരിയർ ഡിസൈൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആഗോള സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന പ്രദർശനത്തിന്റെ മുഖ്യ ആകർഷണം.
20 രാജ്യങ്ങളിൽനിന്ന് 150ഓളം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കുചേരുന്ന മേളയിൽ അന്താരാഷ്ട്ര പ്രശസ്തരായ പാചകവിദഗ്ധരുടെ രുചിവൈവിധ്യം അറിയിക്കുന്ന പ്രദർശനത്തിനും വേദിയാകും.