കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം മന്ത്രി സഭായോഗത്തിൽ അംഗീകാരം ലഭിച്ച പുതിയ താമസ നിയമത്തിലെ കരട് രേഖയിൽ വിദേശികളുടെ താമസ രേഖയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു. 36 ആർട്ടിക്കുകൾ ഉൾപ്പെടുത്തി കൊണ്ട് തയ്യാറാക്കിയ കരട് നിയമത്തിൽ വിസ കച്ചവടം, മനുഷ്യക്കടത്ത്, തൊഴിലുടമക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യൽ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്ക് എതിരെ കർശനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. വിദേശികളെ നാടുകടത്തുന്നതിനുള്ള നിയമങ്ങളും പിഴകളും ഉൾപ്പെടെയുള്ള പൊതു വ്യവസ്ഥകളും കരട് നിയമത്തിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. റിക്രൂട്മെന്റ് സൗകര്യം പ്രയോജനപ്പെടുത്തി കൊണ്ട് എൻട്രി വിസ അല്ലെങ്കിൽ താമസ രേഖ വിൽക്കുന്നത് പുതിയ നിയമ പ്രകാരം ഗുരുതരമായ കുറ്റകൃത്യമായിരിക്കും. തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും അല്ലെങ്കിൽ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത തസ്തികക്ക് വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതും പുതിയ കരട് നിയമത്തിൽ നിരോധിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. തൊഴിലാളിയുടെ പ്രതിമാസ വേതനം കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തുന്നതും കുറ്റകൃത്യമാണ്.സർക്കാർ ജീവനക്കാർ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പുതിയ കരട് നിയമത്തിൽ കർശനമായി വിലക്കുന്നു. താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് തൊഴിൽ നൽകുന്നതും താമസത്തിനുള്ള സൗകര്യങ്ങൾ നൽകുന്നതും കുറ്റകൃത്യമായി കണക്കാക്കും. സ്പോൺസർ ഷിപ്പ് വഴി കുവൈത്തിലേക്ക് എത്തുന്നവർ താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോയില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിക്കുവാൻ സ്പോൺസർ ബാധ്യസ്ഥനായിരിക്കുമെന്നും പുതിയ കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. പുതിയ കരട് നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ അമീറിന്റെ അംഗീകാരത്തോട് കൂടി നിയമം പ്രാബല്യത്തിൽ വരും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR