കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,മൊബൈൽ ഫോൺ ഉപയോഗിക്കൽ മുതലായ ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 252 ക്യാമറകൾ സ്ഥാപിക്കുന്നു. ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ഇത്തരത്തിലുള്ള നിരവധി ക്യാമറകൾ പ്രവർത്തിച്ചു വരികയാണെന്നും അൽ അഖ്ബർ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പുതിയ ക്യാമറകൾ വേഗത നിരീക്ഷിക്കുക മാത്രമല്ല, പോയിൻ്റുകൾക്കിടയിലുള്ള ദൂരവും വേഗതയും കണക്കാക്കുകയും ചെയ്യുന്നുവെന്ന് ബു ഹസ്സൻ ചൂണ്ടിക്കാട്ടി. ക്യാമറ കാണുമ്പോൾ വേഗത കുറയ്ക്കുന്ന പ്രവണതയിൽ നിന്ന് നിയമ ലംഘകർക്ക് രക്ഷപെടാൻ കഴിയാത്ത വിധം രണ്ട് ക്യാമറകൾക്കിടയിലുള്ള ദൂരവും വേഗതയും കണക്കാക്കി നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പുതിയ ട്രാഫിക് നിയമ പ്രകാരം 50 ദിനാറായിരിക്കും പിഴയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനമോടിക്കുമ്പോഴുള്ള ശ്രദ്ധക്കുറവ് മൂലമാണ് പരിക്കുകളിലേക്കും മരണത്തിലേക്കും നയിക്കുന്ന വാഹനാപകടങ്ങളിൽ 92 ശതമാനവും സംഭവിക്കുന്നതെന്നും ബു ഹസ്സൻ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR