കുവൈത്ത് സിറ്റി: കുവൈത്തിൽ പഞ്ചസാരയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ, പാനീയ നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങളിലെ ചേരുവകൾ മെച്ചപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ജ്യൂസുകളിലെ പഞ്ചസാരയുടെ അളവ് 20 ശതമാനം വരെ കുറയ്ക്കാൻ അഞ്ച് കമ്പനികൾ തയ്യാറായതായി ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഷൈമ അൽ-അസ്ഫൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗോള സ്ഥാപനമായ വേൾഡ് ആക്ഷൻ ഓൾ സാൾട്ടിൽ അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. അതോറിറ്റിയുടെ ആസ്ഥാനത്തും അംഗീകൃത പോഷകാഹാര സൗഹൃദ വിദ്യാലയങ്ങളും കേന്ദ്രീകരിച്ചായിരിക്കും പ്രചരണ പരിപാടികൾ. പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വർധിപ്പിക്കുവാൻ പ്രത്യേക പഠന ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടക്കും. തങ്ങളുടെ ഉൽപന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച പ്രാദേശിക കമ്പനികളെ അവർ അഭിനന്ദിച്ചു. രാജ്യത്തെ എല്ലാ ഭക്ഷ്യ ഉൽപ്പാദന കമ്പനികളോടും അവരുടെ ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്നും അവർ ആഹ്വാനം ചെയ്തു. സമൂഹത്തിൻ്റെ ആരോഗ്യ സംരക്ഷണം കൂട്ടുത്തരവാദിത്വമാണെന്നും അവർ ഊന്നിപ്പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR