കുവൈത്ത് സിറ്റി: കുവൈത്തിലെ മരുപ്രദേശത്ത് മുള്ളൻ പന്നിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യയിലെ വന മേഖലകളിൽ സുലഭമായി കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് മുള്ളൻ പന്നി. എന്നാൽ, അറേബ്യൻ ഉപദ്വീപിൽ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളിൽ ഒന്നാണ് ഇവ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടുകൊണ്ട് കുവൈത്ത്, ഇറാഖ് അതിർത്തി പ്രദേശമായ അബ്ദലിയിലെ ഒരു ഫാമിൽ അഭയം പ്രാപിച്ചതായിരുന്നു ഈ ജീവിയെന്ന് ഫാമിന്റെ ഉടമ തലാൽ അൽ-സുഹൈൽ അറിയിച്ചു. ഇതേതുടർന്ന് ഇദ്ദേഹം കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതിയിലെ ലെൻസ് വിഭാഗം സംഘത്തിന് വിവരം കൈമാറുകയായിരുന്നു. മരുഭൂവൽക്കരണം, വേട്ടയാടൽ മുതലായ കാരണങ്ങളാൽ സമീപവർഷങ്ങളിൽ കുവൈത്തിൽനിന്ന് ഏറെ കുറെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ജീവിയാണ് മുള്ളൻ പന്നിയെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ലെൻസ് വിഭാഗം മേധാവി റാഷിദ് അൽ ഹജ്ജി അറിയിച്ചു. കുവൈത്തിൽ മുള്ളൻ പന്നികളുടെ എണ്ണത്തെ കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഇവയുടെ നിരീക്ഷണത്തിന് നേരിടുന്ന പ്രയാസമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുള്ളൻ പന്നിയുടെ ഇറച്ചി കഴിക്കുന്നത് മതവിധി പ്രകാരം അനുവദനീയമാണെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. മുയൽ, മാൻ മുതലായ മൃഗങ്ങളെപോലെ ഇവയുടെ ഇറച്ചി ഭക്ഷ്യയോഗ്യവും മതനിയമപ്രകാരം അനുവദനീയമാണെന്നും മതപണ്ഡിതർ പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR