കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിന് മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം രാജ്യം ഇതുവരെ ഉയർത്തിപിടിച്ച മാനവികമുഖമുള്ള ചരിത്രത്തിന് അപമാനമാണെന്ന് ആക്റ്റിങ് പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് പ്രസ്താവിച്ചു. എല്ലാ തൊഴിലാളികളുടെയും ഭൂമിയിലെ ഏറ്റവും സുരക്ഷിത താവളമാണ് കുവൈത്ത്. രാജ്യത്ത് ജനിച്ചവരും ജീവിതത്തിൻ്റെ പകുതിയിലധികം ഇവിടെ ചെലവഴിച്ചവരുമായ പ്രവാസികൾ സത്യസന്ധതയും ആത്മാർത്ഥതയും ബഹുമാനവും പുലർത്തി കൊണ്ട് ജീവിക്കുന്നവരാണ്. തങ്ങൾ അവരോട് നീതി പുലർത്തുകയും അവസാനം അവർ രാജ്യത്തിന് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്യുന്നു. കുവൈത്തിനെ തങ്ങളുടെ രണ്ടാമത്തെ മാതൃഭൂമിയായി കരുതുന്നവരാണ് പ്രവാസികളിൽ അധിക പേരും. അത് കൊണ്ട് തന്നെയാണ് കുവൈത്ത് വിട്ടുപോകാൻ പ്രവാസികൾ മടിക്കുന്നതെന്നും പ്രാദേശികദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 2021 ജനുവരിയിലാണ് 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക ഇൻഷുറൻസ് ഉൾപ്പെടെ പ്രതിവർഷം ആയിരം ദിനാർ അധിക ഫീസ് നൽകണം എന്നാണ് വ്യവസ്ഥ. ഇതേ തുടർന്ന് മലയാളികൾ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടേണ്ടി വന്നത്. ആഭ്യന്തരമന്ത്രിയുടെ നിർദേശ പ്രകാരം വരും ദിവസങ്ങളിൽ ഈ നിയന്ത്രണം എടുത്തുകളയുമെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR