കുവൈത്ത് സിറ്റി: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് കുവൈത്തിലെ പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ ലംഘകരെ കൊണ്ട് ഒരു വർഷം പ്രതിദിനം 8 മണിക്കൂർ വീതം കൂലിയില്ലാതെ ജോലി ചെയ്യിക്കുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.അധികൃതർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ ആയിരിക്കും ജോലി ചെയ്യേണ്ടി വരിക. സാമൂഹിക സേവനം എന്ന നിലയിലായിരിക്കും ജോലി നൽകുക. ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടുവാനും പുതിയ ഗതാഗത നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉയർന്ന വിലയുള്ള ആഡംബര വാഹനങ്ങൾ ആയാലും കോടതിയുടെ അനുമതി പ്രകാരം ഇവ സർക്കാറിലേക്ക് കണ്ടുകെട്ടുവാൻ ഗതാഗത വിഭാഗത്തിനു അധികാരം ഉണ്ടായിരിക്കും. ശിക്ഷയുടെ ഭാഗമായി നിശ്ചിത കാലത്തേക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ യാർഡുകളിൽ സൂക്ഷിക്കുന്നതിന് പകരം ഉടമയുടെ വീടുകളിൽ ആയിരിക്കും സൂക്ഷിക്കുക. ഈ കാലയളവിൽ വാഹനത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് വാഹനത്തിൽ പ്രത്യേക ഉപകരണം ഘടിപ്പിക്കും. ഈ ഉപകരണം നീക്കം ചെയ്യുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്‌താൽ ജയിൽ ശിക്ഷ ഉൾപ്പെടെ ശിക്ഷ ഇരട്ടിയായി വർദ്ധിപ്പിക്കുമെന്നും പുതിയ നിയമത്തിൽ സൂചിപ്പിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR