കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥാമാറ്റത്തിന്റെ സൂചനകൾ നൽകി പരക്കെ മഴ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരിയ രീതിയിൽ എത്തിയ മഴ ബുധനാഴ്ച ശക്തിപ്പെട്ടു. രാവിലെ ആരംഭിച്ച് ഉച്ചക്ക് ശക്തിപ്പെടുകയായിരുന്നു. ഇടക്ക് ശമിച്ചെങ്കിലും വൈകീട്ടോടെ പലയിടത്തും വീണ്ടും ശക്തമായി. ശക്തമായ മിന്നലും ഇടിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും ഇടയാക്കി. പൊലീസും ഫയർഫോഴ്സും ഉടനടി ഇടപെട്ട് ഗതാഗതം സുഖമമാക്കി. മഴ ശക്തിപ്പെട്ടതോടെ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യത്തിൽ 112 ഹോട്ട്ലൈനുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടു. എന്നാൽ വലിയ രൂപത്തിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ അന്തരീക്ഷ താപനിലയിലും വലിയ ഇടിവുണ്ടാക്കി. ബുധനാഴ്ച പകലിൽ താപനില കുത്തനെ കുറഞ്ഞു. നേരിയ തണുപ്പിനിടയാക്കി. രാത്രിയോടെ കുറഞ്ഞ് തണുപ്പ് വർധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടത്തരം മഴയാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്നതും ഇടത്തരവുമായ മേഘരൂപങ്ങൾ വ്യാപിക്കുകയും നേരിയ മഴയ്ക്കും ഇടിമിന്നലിനും ഇടയാക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരർ അൽ അലി പറഞ്ഞു. തെക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും ശക്തമായ മഴ അനുഭവപ്പെടാം. വടക്കുപടിഞ്ഞാറൻ കാറ്റ് ഇടത്തരം വേഗതയില്ൽ വീശും. ഇത് ദൃശ്യപരിധി കുറക്കും, കടൽക്ഷോഭം ഉണ്ടാക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR