ലുലു ഗ്രൂപ്പിന്റെ ഓഹരി എങ്ങനെ വാങ്ങാം? വിശദാംശങ്ങള്‍ അറിയാം

എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കുന്നു.
ഒക്ടോബര്‍ 28ന് ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎഇയില്‍ സംഘടിതവും ലോകോത്തരവുമായ ഷോപ്പിങ് റീറ്റെയ്ല്‍ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലുലുവിന്റെ ലക്ഷ്യം. നിലവില്‍ ജിസിസിയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീറ്റെയ്ല്‍ ശൃംഖലകളിലൊന്നുമാണ് ലുലു.

കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ലുലു ഗ്രൂപ്പിന് യുഎഇയും സൗദി അറേബ്യയും ഉള്‍ക്കൊള്ളുന്ന ജിസിസിയില്‍ 240 സ്റ്റോറുകളുണ്ട്. 116 ഹൈപ്പര്‍മാര്‍ക്കറ്റുകളും 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും ഇതിലുള്‍പ്പെടുന്നു. യുഎഇയില്‍ മാത്രം 103 സ്റ്റോറുകള്‍. സൗദിയില്‍ 56. മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ 81 എണ്ണവും പ്രവര്‍ത്തിക്കുന്നു. ലുലു ഗ്രൂപ്പിന് ആകെ 70,000ഓളം ജീവനക്കാരുമുണ്ട്. 2023ല്‍ 5.6% വാര്‍ഷിക വളര്‍ച്ചയോടെ ലുലു ഗ്രൂപ്പ് 730 കോടി ഡോളര്‍ (61,320 കോടി രൂപ) വരുമാനം നേടിയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വരുമാനം മുന്‍വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 5.6% മെച്ചപ്പെട്ട് 390 കോടി ഡോളറാണ് (32,760 കോടി രൂപ). നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 2023ല്‍ 7.2 ശതമാനവും 2024ന്റെ ആദ്യപകുതിയില്‍ 4.3 ശതമാനവും വര്‍ധിച്ചുവെന്നതും നേട്ടമാണ്.

ജിസിസിയില്‍ 13.5% വിപണിവിഹിതവും (ഓഫ്‌ലൈന്‍ ഗ്രോസറി മാര്‍ക്കറ്റ്) ലുലുവിന് സ്വന്തം. യുഎഇയില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണുമായി ലുലുവിന് സഹകരണമുണ്ട്. സൗദിയില്‍ ഹങ്ങര്‍‌സ്റ്റേഷനുമായും (Hungerstation) ഖത്തറില്‍ സ്‌നൂനുവുമായും (Snoonu) സഹകരിക്കുന്നു. ജിസിസിയിലെ എല്ലാ വിപണികളിലും തലാബത്തുമായും (Talabat) ഓണ്‍ലൈന്‍ സഹകരണമുണ്ട്. യുകെയും യുഎസും ചൈനയും ഇന്ത്യയുമടക്കം 85 രാജ്യങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ശേഖരിക്കുന്നുണ്ട്.

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നല്‍കുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഓരോ വര്‍ഷവും രണ്ടുതവണയായാകും ലാഭവിഹിത വിതരണം. 2024 ഡിസംബര്‍ 31ന് അവസാനിക്കുന്ന 6 മാസക്കാലത്തേക്കുള്ള ലാഭവിഹിതം 2025ന്റെ ആദ്യപകുതിയില്‍ വിതരണം ചെയ്യും. അതേസമയം വിപണി സാഹചര്യങ്ങള്‍, പ്രവര്‍ത്തനഫലം, ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം എന്നിവയ്ക്ക് അനുസൃതമായാകും ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം.

ഇഷ്യൂവില (ഓഹരിവില) ഐപിഒ ആരംഭിക്കുന്ന ഒക്ടോബര്‍ 28ന് പ്രഖ്യാപിക്കും. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബര്‍ 5ന് അവസാനിക്കും. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബര്‍ 13നാണ് റീഫണ്ട് നല്‍കുക. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) നവംബര്‍ 14ന് ഓഹരികള്‍ ലിസ്റ്റ് ചെയ്‌തേക്കും.

ലുലു ഗ്രൂപ്പ് ഓഹരികള്‍ ഐപിഒയിലൂടെ വാങ്ങാനായി നിക്ഷേപകന് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) നിന്നുള്ള നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ (ചകച) ഉണ്ടായിരിക്കണം. എന്‍ഐഎന്‍ ഇല്ലെങ്കില്‍ എഡിഎക്‌സിലെ ഇ-സര്‍വീസസ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ 800 239 എന്ന നമ്പറില്‍ വിളിക്കാം. ലുലുവിന്റെ ഐപിഒ ഡോക്യുമെന്റുകള്‍ വായിക്കുക. തുടര്‍ന്ന്, ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം. ബാങ്കുകള്‍ക്ക് ഇതിനായി ഓണ്‍ലൈനിലും ശാഖകളിലും സൗകര്യമുണ്ടാകും.

അപേക്ഷ വിലയിരുത്തിയാകും ഓഹരികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. നിങ്ങള്‍ അപേക്ഷിച്ച എല്ലാ ഓഹരികളും അലോട്ട് ചെയ്യണമെന്നില്ല. ഈ സാഹചര്യത്തില്‍, ബാക്കിത്തുക റീഫണ്ട് ചെയ്യും. ഫസ്റ്റ് അബുദാബി ബാങ്ക്, എഡിസിബി, ദുബൈയ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക്, എമിറേറ്റ്‌സ് എന്‍ബിഡി, മാഷ്‌റെക്ക് എന്നിവയാണ് റിസീവിങ് ബാങ്കുകള്‍. ലുലു ഗ്രൂപ്പിന്റെ ഐപിഒ സംബന്ധിച്ച വിശദാംശങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy