ദോഹ: ഖത്തറിൽ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് അവസാനിപ്പിച്ച് നോമിനേഷൻ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് വേണ്ടി ഇലക്ഷൻ അടുത്ത ചൊവ്വാഴ്ച നടക്കും. 18 വയസ് തികഞ്ഞ രാജ്യത്തെ പൗരന്മാർക്കെല്ലാം ഹിതപരിശോധനയിൽ പങ്കെടുക്കാം.
രാവിലെ 7 മണിമുതൽ ഹിതപരിശോധന വൈകിട്ട് ഏഴ് മണിവരെ തുടരും. 24 മണിക്കൂറിനുള്ളിൽ ഫലവും പ്രഖ്യാപിക്കും. ഹിതപരിശോധന നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നിർദേശം നൽകി. ശൂറാ കൗൺസിലിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ കൗൺസിലിനോട് ഭേദഗതി തയ്യാറാക്കാൻ ആവശ്യപ്പെട്ടതായി അമീർ പറഞ്ഞിരുന്നു.
2021 ഒക്ടോബറിലാണ് ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ 45 അംഗ കൗൺസിലിലെ 30 പേർ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശേഷിച്ച 15 പേർ നേരിട്ട് നിയമിക്കപ്പെടുകയായിരുന്നു. ഇനി മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറുന്നതിനാണ് ഹിതപരിശോധന നടക്കുന്നത്.