കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് പുതിയ നിബന്ധനകളുമായി കുവൈത്ത്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനുള്ള പുതിയ ഓണ്‍ലൈന്‍ ബോധവത്കരണ കാംപെയിനുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഒഫ് മാന്‍പവര്‍ (പിഎഎം). പ്രധാനമായും തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകളും നടപടിക്രമങ്ങളുമാണ് ഈ കാംപയിനിലൂടെ നിര്‍ദേശിച്ചത്. കുവൈത്തിലെത്തി ആറ് മാസത്തിനുള്ളില്‍ സ്പോണ്‍സര്‍ മാറിയാല്‍ പിഎഎംയില്‍ അറിയിക്കണം. അല്ലാത്തപക്ഷം നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാക്കും. മറ്റൊരു സ്പോണ്‍സറിലേക്ക് മാറുന്ന പ്രക്രിയയ്ക്ക് (ട്രാന്‍സ്ഫര്‍) തൊഴിലാളി, പുതിയ സ്പോണ്‍സര്‍, റിക്രൂട്ട്മെന്റ് ഓഫീസ് എന്നിവരോടൊപ്പം പിഎഎമ്മിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഓര്‍ഗനൈസിങ് ആന്റ് റിക്രൂട്ടിങ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് വകുപ്പില്‍ നിന്നും അനുമതിയും പുതിയ കരാറും കരസ്ഥമാക്കണം. തൊഴിലാളി ആറ് മാസത്തിനുള്ളില്‍ ജോലി നിര്‍ത്താന്‍ തീരുമാനിച്ചാലും പിഎഎമ്മില്‍ ബന്ധപ്പെടണമെന്നുള്ള നിര്‍ദേശങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷം ആദ്യം, കുവൈറ്റ് തൊഴിലാളികള്‍ക്കായി ഒരു ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരുന്നു. വിസ 20 (ഗാര്‍ഹിക മേഖല)യില്‍ നിന്ന് വിസ 18 (സ്വകാര്യ മേഖല)യിലേക്ക് മാറ്റാന്‍ ജൂലായ് 14 മുതല്‍ സെപ്തംബര്‍ 12 വരെയായിരുന്നു കാലാവധി. തല്‍ഫലമായി, 55,000 ഗാര്‍ഹിക തൊഴിലാളികള്‍ സ്വാകാര്യ മേഖലയില്‍ ചേര്‍ന്നു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുവൈറ്റ് ലേബര്‍ മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ ക്ഷാമം കുറയ്ക്കുന്നതിന് ഈ കൈമാറ്റം വലിയ തോതില്‍ സഹായിച്ചെന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്. 4.9 ദശലക്ഷം ആളുകളുള്ള രാജ്യത്ത് കൂടുതലും വിദേശികളാണ്. ഫിലിപ്പീന്‍സില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍, അടുത്തിടെ ഗാര്‍ഹിക ജോലിക്കാര്‍ക്ക് വലിയ കുറവാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ജൂണില്‍, ഫിലിപ്പീന്‍സുകാര്‍ക്കുള്ള വിസ നിരോധനം കുവൈത്ത് നീക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR