കുവൈത്ത് സിറ്റി: കാറിൽ മയക്കുമരുന്നുമായി പ്രവാസി യുവാവ് പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ഇയാൾ നിരപരാധിയായിരുന്നെന്നും മുൻ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നെന്നും പോലിസ് അന്വേഷണത്തിൽ വ്യക്തമായതോടെ പ്രവാസി യുവാവ് കുറ്റവിമുക്തനായി. സ്വകാര്യ വാഹനത്തിൽ ഹാഷിഷുമായി ഒരു അറബ് പ്രവാസി പോലീസ് പിടിയിലാകുന്നതോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. വാഹനത്തെ പിന്തുടർന്ന് യുവാവിനെ മയക്കുമരുന്നുമായി പിടികൂടിയ പോലീസ് പട്രോൾ സംഘം യുവാവിനെ ആന്റി നാർക്കോട്ടിക്ക് പോലീസിന് കൈമാറുകയും ചെയ്തു. എന്നാൽ, യുവാവിനെ പിടികൂടിയ രീതിയും പോലീസ് ഇക്കാര്യത്തിൽ കാണിച്ച അമിതാവേശവുമെല്ലാം സംഭവത്തെ കുറിച്ച് അധികൃതരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന്, ആന്റി നാർക്കോട്ടിക്ക് സെൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് കേസിലെ പ്രതികൾ അറസ്റ്റ് ചെയ്ത പോലീസുകാർ ഉൾപ്പെട്ട സംഘമാണെന്ന് കണ്ടെത്തിയത്. പോലീസ് ഓഫീസർക്കു പുറമെ, യുവാവിന്റെ മുൻ ഭാര്യയും ബെദൂയിൻ വിഭാഗത്തിൽപെട്ട നിലവിലെ കാമുകനും ചേർന്നാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഇവരെ വിശദമായ ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായി. മുൻ ഭർത്താവിനോടുള്ള പ്രതികാരം തീർക്കാൻ യുവതിയും കാമുകനും ചേർന്നായിരുന്നു യുവാവിനെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിനായി കാമുകൻ തന്റെ സുഹൃത്തായ പോലീസ് ഓഫീസറുടെ സഹായം തേടുകയായിരുന്നു. ഇവർ ചേർന്നാണ് മയക്കുമരുന്ന് കേസിൽ അറബ് പ്രവാസിയെ കുടുക്കാമെന്ന പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി മറ്റ് രണ്ടു പോലീസുകാരെ കൂടി ഇയാൾ കൂടെക്കൂട്ടി. അതിനു പുറമെ, പ്രവാസി യുവാവിന്റെ സഹപ്രവർത്തകരുടെയും സഹായം തേടി. നേരത്തേ യുവതിക്ക് പരിചയമുണ്ടായിരുന്ന പ്രവാസി യുവാവിന്റെ സഹപ്രവർത്തകയായ യുവതിയെയാണ് വാഹനത്തിൽ മയക്കുമരുന്ന് വയ്ക്കാൻ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം യുവാവിന്റെ വാഹനത്തിൽ ഹഷീഷ് അടങ്ങിയ പൊതി അദ്ദേഹം കാണാതെ വയ്ക്കുകയായിരുന്നു. തുടർന്ന്, യുവാവ് വാഹനം ഓടിച്ചു പോകവെ, പൊടുന്നനെ പിന്തുടർന്നെത്തിയ പോലീസ് പട്രോൾ സംഘം, യുവാവിന്റെ വാഹനം തടഞ്ഞുനിർത്തുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു. വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കിട്ടിയെന്ന കേസിൽ പെടുത്തിയ ശേഷം ഇയാളെ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറുകയായിരുന്നു. എന്നാൽ, സംഭവത്തിൽ എന്തോ പന്തികേടുണ്ടെന്ന് മനസിലാക്കിയ ആന്റി നാർക്കോട്ടിക് പോലീസ് കേസിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് യുവാവിന്റെ നിരപരാധിത്വം തെളിയിക്കുന്നതിലേക്കും കേസിൽ യുവതിയും കാമുകിയും പോലീസുകാരും ഉൾപ്പെടുന്ന സംഘത്തെ പിടികൂടുന്നതിലേക്കും നയിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR