നാഗർകോവിലിൽ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് നാഗർകോവിലിൽ ആത്മഹത്യ ചെയ്തത്. ആറ് മാസം മുമ്പായിരുന്നു ശ്രുതിയും നാഗർകോവിൽ സ്വദേശി കാർത്തികും തമ്മിൽ വിവാഹം നടന്നത്. പത്തു ലക്ഷം രൂപയും 50 പവൻ സ്വർണവും നൽകിയാണ് വിവാഹം നടത്തിയത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയായ ശ്രുതി അസിസ്റ്റൻറ് പ്രഫസറാണ്. തമിഴ്നാട് വൈദ്യുതിവകുപ്പ് ജീവനക്കാരനാണ് കാർത്തിക്. സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭർതൃമാതാവ് വഴക്കുണ്ടാക്കുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. ശ്രുതിയുടെ ഭർത്താവ് കാർത്തികിന് അമ്മ സെമ്പകവല്ലിയെ ഭയമാണെന്നും അവർ തന്നെ ദ്രോഹിച്ചാലും നിശബ്ദനായി നിൽക്കുക മാത്രമാണ് ചെയ്യുകയെന്നും ശ്രുതി പറഞ്ഞിട്ടുണ്ട്.
ശ്രുതിയെ ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നതിന്റെ തെളിവായി ശ്രുതി തന്റെ അമ്മയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. തന്നെയും ഭർത്താവിനെയും ഭർതൃമാതാവ് സെമ്പകവല്ലി അടുപ്പിക്കുന്നില്ലെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ‘ഞാനും ഭർത്താവും തമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇവർ കാരണമാണ് എല്ലാം. എൻറെ ഭർത്താവിൻറെ അടുത്ത് ഞാനൊന്ന് ഇരിക്കാൻ പോലും പാടില്ല. ഒന്നിച്ചിരുന്ന് കഴിക്കാൻ പാടില്ല. ഭർത്താവ് കഴിച്ചതിനു ശേഷം ആ എച്ചിൽപാത്രത്തിൽ ഭക്ഷണം കഴിക്കണം എന്നാണ് ഇവർ പറയുന്നത്. അമ്മ എന്നോട് ക്ഷമിക്കണം. എൻറെ സ്വർണം മുഴുവൻ ഞാൻ സുരക്ഷിതമായി എടുത്തുവച്ചിട്ടുണ്ട്. അദ്ദേഹത്തോട് അത് നിങ്ങളെ തിരിച്ചേൽപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളത് വാങ്ങണം. തമിഴ്നാട്ടിലെ ആചാരപ്രകാരം മരണാനന്തരച്ചടങ്ങിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഇവർ പറഞ്ഞാൽ അതിന് സമ്മതിക്കരുത്. അത്രയും വിശ്വസിച്ചാണ് ഇക്കാര്യങ്ങൾ ധരിപ്പിക്കുന്നത്. എന്നെ ഏതെങ്കിലും വൈദ്യുതി ശ്മശാനത്തിൽ കൊണ്ടുപോയി കത്തിച്ചു കളയണം’. എന്നാണ് ശ്രുതി തന്റെ കുടുംബത്തിന് അയച്ച അവസാന ശബ്ദസന്ദേശത്തിൽ പറയുന്നത്. കോയമ്പത്തൂരിൽ വൈദ്യുതിവകുപ്പിലാണ് ശ്രുതിയുടെ പിതാവ് ബാബു ജോലി ചെയ്യുന്നത്. ജോലി സംബന്ധമായ കാരണങ്ങളെ തുടർന്ന് ശ്രുതിയുടെ കുടുംബം കൊല്ലത്ത് നിന്ന് കോയമ്പത്തൂരിലേക്ക് താമസം മാറിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR