കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം. അശ്രദ്ധമായ ഡ്രൈവിങ് തടയുന്നതിനും മാരകമായ അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് രാജ്യത്തെ പുതിയ കരട് നിയമത്തിലെ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചു. നിരോധിത മേഖലയില്‍ വാഹനം നിര്‍ത്തിയാല്‍ 15 ദിനാറാണ് പുതിയ ട്രാഫിക് നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴയെന്ന് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ പറഞ്ഞു. ദിവസേന 300 ട്രാഫിക് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 90 ശതമാനവും അശ്രദ്ധയും ഫോണ്‍ ഉപയോഗിക്കുന്നതും മൂലമാണ്. ഫോണ്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ 70 ദിനാര്‍ പിഴ ഈടാക്കും. അതേസമയം, അശ്രദ്ധമായി വാഹമോടിച്ചാല്‍ പിഴ 30 ദിനാര്‍ മുതല്‍ 150 ദിനാര്‍ വരെ ഈടാക്കും. റെഡ് സിഗ്നല്‍ പാലിക്കാത്തത് ഗുരുതര ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 10 ദിനാറില്‍ നിന്ന് 30 ദിനാറാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള ഒറ്റ വാഹന നിയമവും കര്‍ശനമാക്കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR